മാനന്തവാടി: നേന്ത്രവാഴയ്ക്ക് വില ഉയരാത്തത് കര്‍ഷകരെ വലയ്ക്കുന്നു.
മേയ് അവസാനവാരത്തില്‍ കിലോയ്ക്ക് 45 രൂപവരെ വിലയുയര്ന്നിടത്ത് നിന്നാണ് വീണ്ടും കുറഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ കിലോയ്ക്ക് 34 രൂപയാണ് വില. ഈ വിലയില്‍ വാഴക്കുല വിറ്റാലും ലാഭമൊന്നും ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി 34 രൂപയില്‍ തന്നെ വില തുടരുകയാണ്. ഘട്ടംഘട്ടമായുള്ള വിലയുയര്‍ച്ച പോലും ഇല്ലാത്തതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
വിലയിടിവ് ഉണ്ടാക്കാന്‍ മാത്രമുള്ള തരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നേന്ത്രക്കായയുടെ വരവ് നിലവിലില്ല. മഴക്കെടുതിയില്‍ കൃഷിനാശം പോലുള്ള പ്രതിസന്ധികളും നിലവിലില്ല. എങ്കിലും പ്രതീക്ഷയ്ക്കൊത്തു വില ഉയരാത്തതെന്നാണ് കര്‍ഷകരുടെ ചോദ്യം. ജില്ലയില്‍ ഇപ്പോള്‍ വിളവെടുപ്പ് സീസണാണ്. ജൂണ്‍ അവസാനത്തോടെ വിളവെടുപ്പ് കൂടും. ഇനിയും വിലയുയരാതിരുന്നാല് കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരും.
രാസവളങ്ങളുടെ വില വിര്‍ധന, തൊഴിലാളി ക്ഷാമം എന്നീ ഘടകങ്ങള്‍ വാഴകൃഷിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വാഴക്കുലയ്ക്ക് മതിയായ വില ലഭിക്കാത്തത് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. 40 രൂപയ്ക്ക് മുകളില്‍ വില കിട്ടിയാല്‍ മാത്രമേ എന്തെങ്കിലും ലാഭം കിട്ടുകയുള്ളുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. നേന്ത്രക്കായ രണ്ടാം തരത്തിലോ മൂന്നാം തരത്തിലോ ആണ് പോകുന്നതെങ്കില്‍ മുതല്‍ മുടക്കുപോലും തിരികെ കിട്ടില്ല. 1000 വാഴനട്ട് പരിപാലിക്കാന്‍ രണ്ടുലക്ഷത്തോളം രൂപ ചെലവുവരും. അഞ്ചു തവണ രാസവള പ്രയോഗം നടത്തണം. ഇതിനു പുറമേ കമ്പോസ്റ്റ്, കോഴിവളം, ചാണകം ഇവയില്‍ ഏതെങ്കിലും ഒന്നും പ്രയോഗിക്കണം.
രോഗബാധ തടയാന്‍ മരുന്നും തളിക്കണം. എങ്കില്‍ മാത്രമേ മികച്ച വിളവ് ലഭിക്കുകയുള്ളു. വാഴ കെട്ടുന്നതിനുള്ള കമ്പി, കയര്‍, വാഴക്കുത്ത്, പണിക്കൂലി എന്നിവയ്ക്കും തുക ചെലവാകും. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയെങ്കില്‍ ചെലവ് ഇതിലും കൂടും. ഇതെല്ലാം തിരിച്ചു കിട്ടണമെങ്കില്‍ വിപണിയില്‍ ന്യായമായ വിലയുണ്ടാകണം. തുടര്‍ച്ചയായി നഷ്ടം നേരിട്ടാല്‍ അത് മുന്നോട്ടുള്ള കൃഷിയെ ബാധിക്കുകയും ചെയ്യും. വാഴക്കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കാന്‍ ആവശ്യമായ ഇടപെടല്‍ അധികൃതര്‍ നടത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.